Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള് പകര്ത്തി ഭര്ത്താവ് അശ്ലീല സൈറ്റുകള്ക്കു വിറ്റ് സംഭവത്തില് ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി യുവതി. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്ത്താവ് സ്വകാര്യ ദൃശ്യങ്ങള് അശ്ലീല വെബ്സൈറ്റുകള്ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള് ക്രൂരമര്ദനം ഏല്ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.
പോക്സോ ചുമത്തിയില്ലെന്നു പരാതി
നാലു വയസുകാരിയായ മകളുടെ മുന്നില് വച്ച് ഭര്ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചവെന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങള് കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. പ്രതിയായ ഭര്ത്താവിനെതിരെ പോക്സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര് അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കിയത്.
സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തതിനു പിന്നാലെ ഒളിവില് പോയ പ്രതിയെ ഇതുവരെ കണ്ടെത്താന് പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്ജി നല്കി.
ഏറെ വര്ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള് കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില് വച്ചാണു സ്വകാര്യ ദൃശ്യങ്ങള് അവിടത്തെ അശ്ലീല വെബ്സൈറ്റുകള്ക്കു ഭര്ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്ത്താവിനെ കൗണ്സലിംഗിനു വിധേയനാക്കിയെങ്കിലും പിന്നീടും തന്നെ മർദിച്ചതായി യുവതി മൊഴി നല്കി.
ഒരു പതിറ്റാണ്ടു നീണ്ട പ്രണയം
10 വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്ത്താവ് അശ്ലീല വിഡിയോകള്ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള് പകര്ത്തുമായിരുന്നെന്നും കുളിമുറിയില് ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി. നഗ്നദൃശ്യങ്ങള് അശ്ലീല സൈറ്റുകള്ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന് നിര്ബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ചപ്പോള് ദേഹോപദ്രവം ഏല്പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്സലിംഗ് നടത്തിയാല് മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില് താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്സലിംഗിനിടെ ഭര്ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
Kerala
കോഴിക്കോട്: പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ മന്ത്രി രമേശ് ചെന്നിത്തല ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം.
കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോലീസ് എത്തി പിടികൂടാനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.
അർജുൻ ആയങ്കിയെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നതായി കണക്കാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവന്ന പാർട്ടി എന്ന തരത്തിൽ അർജുൻ ആയങ്കി നടത്തിയ പരാമർശത്തെയും ജയരാജൻ വിമർശിച്ചു.
Kerala
കണ്ണൂർ: പോലീസിനെ നിരന്തരം വെല്ലുവിളിക്കുന്ന ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇതിനിടെ അർജുൻ ഉപയോഗിച്ച കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.
അർജുന്റെ ഭാര്യയുടെ പേരിലുള്ള കാറാണിത്. ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയെന്നും നിലവിൽ ഇയാൾ കണ്ണൂർ ജില്ലയ്ക്കു പുറത്താണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇയാളുമായി അടുത്ത ബന്ധമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഒളിവിലായിരിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അർജുന്റെ പ്രകോപനപരമായ ഇടപെടലുകൾ തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പോലീസുകാരെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കാർ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്.
അർജുൻ ആയങ്കി വിഷയത്തിൽ എല്ലാം പോലീസ് നോക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അർജുൻ ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാൻ പോലീസിനു നിർദേശം ഉള്ളതായി അറിയില്ല. റൗഡികൾ പലതും പറയുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായി സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് എന്നയാൾ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
National
കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം. സീനിയർ അഭിഭാഷകൻ ബൽവന്ത് സിംഗ് വാലിയയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രിയെത്തിയ നാലംഗ മുഖംമൂടി സംഘം പണവും സ്വർണവും വെള്ളിയാഭരണങ്ങളും ലൈസൻസുള്ള റിവോൾവറും ഉൾപ്പെടെ 3.15 കോടി രൂപയുടെ വസ്തുക്കൾ കവർന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ബൽവന്ത് സിംഗ് വാലിയയെയും കുടുംബാംഗങ്ങളെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. ലോക്കറുകൾ തുറന്നില്ലെങ്കിൽ ദമ്പതികളെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. മാർച്ച് 20ന് ഇതേ വീട്ടിൽ നടന്ന 50 ലക്ഷം രൂപയുടെ കവർച്ചയ്ക്ക് പിന്നിലും തങ്ങളാണെന്ന് സംഘാംഗങ്ങൾ വെളിപ്പെടുത്തി.
അന്ന് ഡിജിറ്റൽ ലോക്കറുകൾ തുറക്കാൻ സാധിച്ചിരുന്നില്ലെന്നും സംഘം പറഞ്ഞു. ഇത്തവണ ലോക്കറുകൾ തുറപ്പിച്ചാണ് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. 20 ലക്ഷം രൂപയും രണ്ട് കിലോയോളം സ്വർണാഭരണങ്ങളും നാല് കിലോയോളം വെള്ളിയാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും വിഗ്രഹങ്ങളും ലൈസൻസുള്ള റിവോൾവറും തിരകളും ഉൾപ്പെടെയാണ് സംഘം കവർന്നത്.
ഇതിന് പുറമെ വീട്ടിലുണ്ടായിരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊണ്ടുപോയതായി പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതിനായി സംഘം വീട്ടിലെ നാല് സിസിടിവി കാമറകളും തകർത്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്. അയൽവാസികളുടെ സഹായത്തോടെയാണ് ദമ്പതികൾ കെട്ടഴിച്ച് പുറത്തുവന്നത്.
തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയ്ക്ക് പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി.
National
മുംബൈ: പൊതുവഴിയിൽ കാർ നിർത്തിയിട്ട് ജന്മദിനം ആഘോഷിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ പത്തു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിലെ ബോറിവലിയിലെ ഗൊരായ് 2 മേഖലയിൽ റോഡിനു നടുവിലാണ് യുവാക്കളുടെ സംഘം ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
കാറിന്റെ ബോണറ്റിനു മുകളിൽ നിരവധി കേക്കുകൾ വച്ചാണ് ജന്മദിനം ആഘോഷിച്ച യുവാവ് അത് മുറിച്ചത്. ഈ സമയം ഇയാളുടെ സുഹൃത്തുക്കൾ ഉച്ചത്തിൽ ബഹളം വയ്ക്കുകയും റോഡിൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. റോഡിനു നടുവിലെ ഒത്തുകൂടൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനു കാരണമായി.
ഇതിനിടയിലാണ് സംഘത്തിലൊരാൾ കൈയിലുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. സംഭവത്തിൽ ആകാശ് ഗുപ്ത, ജതിൻ ശർമ, വിജേഷ് ഉപാധ്യായ എന്നിവരുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ക്രിമിനൽ ലോ ഭേദഗതി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പോലീസ് ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി.
കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു.
കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആർജുൻ ആയങ്കി കുറിച്ചു. അതേസമയം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അർജുൻ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു.
അതിനിടെ അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സഹോദരൻ അഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.
Kerala
കോട്ടയം: സ്വന്തം വീടിന് തീയിട്ട യുവാവ് സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവ് മേലേറ്റുതകിടിയിൽ നടന്ന സംഭവത്തിൽ കോലഞ്ചിറയിൽ വീട്ടിൽ റൂബിൻ (35) ആണ് വീടിന് തീയിട്ടത്.
വീടിന് തീപിടിച്ച വിവരമറിഞ്ഞെത്തിയ സഹോദരൻ സന്ദീപിനെ ഇയാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തീപിടിത്തത്തിൽ വീടിനുള്ളിലെ ഗൃഹോപകരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനം ഉടൻതന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
National
ചെന്നൈ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്തുണ്ടായ സംഭവത്തിൽ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യാമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ പ്രകോപിതനായ ചെല്ലമുത്തു അരിവാൾ ഉപയോഗിച്ച് ഭാര്യയെയും തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കൊച്ചി: സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പോലീസ് കേസെടുത്തു. പനമ്പിള്ളി നഗറിൽ സംഘടിപ്പിച്ച സംഗീത സംഗമത്തിനെതിരെ എറണാകുളം സൗത്ത് പോലീസാണ് നടപടിയെടുത്തത്.
ബുധനാഴ്ച വൈകുന്നേരമാണ് ആസാദി പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്തിയതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്.
വേടന്റെ മാനേജർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മാനേജരുടെ പേര് മാത്രമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ കണ്ടാലറിയാവുന്നവരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വേടനെ കൂടാതെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി, എഴുത്തുകാരി നവമി തുടങ്ങിയ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെുക്കാൻ എത്തിയിരുന്നു. ധാരാളം ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Kerala
കണ്ണൂർ: പയ്യന്നൂരിലെ മുൻ സിപിഎം നേതാവും വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുഭാവിയുമായ ടി. പുരുഷോത്തമന് നേരെ വീണ്ടും ആക്രമണം. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ചെമ്മീൻ കൃഷി ഷെഡ്ഡിന് അജ്ഞാത സംഘം തീയിട്ടു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
കൃഷിക്ക് ആവശ്യമായ വല, പെട്ടികൾ, തീറ്റ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ്ഡിനാണ് തീവച്ചത്. കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തിനും മുൻ എംഎൽഎ ടി.ഐ. മധുസൂദനനുമെതിരെ പുരുഷോത്തമൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ടി.ഐ. മധുസൂദനന് പ്രകോപനപരമായ പ്രതികരണങ്ങള് തനിക്കെതിരെ നടത്തിയിരുന്നു.
ഇതിൽ പ്രതികരിച്ചാണ് താൻ പോസ്റ്റ് ഇട്ടതെന്ന് പുരുഷോത്തമന് പറഞ്ഞു. ഏതാനം മാസങ്ങൾക്കു മുമ്പ് പുരുഷോത്തമന്റെ വീടിനുനേരെയും വാഹനത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: വീട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജു (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ബന്ധുവായ 22കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ യുവാവാണ് പിടിയിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുൻപ് ബിജുവും ബന്ധുക്കളും ചേർന്ന് ബലമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിയുടെ കൈയിലുണ്ടായിരുന്ന മുറിവും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്. ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ ഫോൺ, സ്കൂട്ടറിന്റെയും മുറിയുടെയും താക്കോലുകൾ എന്നിവ പ്രതി കൈക്കലാക്കിയിരുന്നു. ഞായറാഴ്ച ബിജുവിന്റെ മൃതദേഹം പാളയത്തെ തറവാട്ടു വീട്ടിലെത്തിച്ചപ്പോഴും പ്രതി അവിടെയെത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആ സമയത്ത് ഇയാളുടെ കൈകളിൽ മുറിവുകളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിൽ ലഹരിസംഘങ്ങളാണെന്ന കുടുംബത്തിന്റെ ആരോപണം പോലീസ് നിലവിൽ മുഖവിലയ്ക്കെടുത്തിട്ടില്ല. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലും തമ്പടിച്ചിരുന്ന ലഹരിസംഘങ്ങൾക്കെതിരെ ബിജു നിരന്തരം പ്രതികരിച്ചിരുന്നു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബിജു കൈമാറിയിരുന്നതായും, ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
വിജയവാഡ: പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയ സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയുടെ മൃതദേഹം കാമുകന്റെ വീട്ടുപടിക്കൽ എത്തിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പൊണ്ടൂരു ഗ്രാമത്തിലാണ് മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഗുണ്ടൂർ സ്വദേശിനിയും മുംബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറുമായിരുന്ന അദ്ദഗല്ല കീർത്തി (24) ആണ് കഴിഞ്ഞ 14ന് ജീവനൊടുക്കിയത്. പൊണ്ടൂരു സ്വദേശിയായ സായ് സുമന്തുമായി കീർത്തി കഴിഞ്ഞ എട്ടുവർഷമായി പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയ വഴി തുടങ്ങിയ പ്രണയത്തിനൊടുവിൽ സായ് സുമന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
തന്റെ മൃതദേഹം കാമുകന്റെ നാട്ടിൽ സംസ്കരിക്കണമെന്നും അവന്റെ കൈകൊണ്ട് താലി കെട്ടിക്കണമെന്നും കീർത്തി അവസാന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കുടുംബം അവകാശപ്പെട്ടു. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ വ്യാഴാഴ്ച സായ് സുമന്തിന്റെ വീട്ടിലെത്തുകയായിരുന്നു. മൃതദേഹത്തിൽ സുമന്ത് താലി ചാർത്തണമെന്നും തുടർന്ന് ഗ്രാമത്തിൽ സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവർ വീട്ടുപടിക്കൽ മൃതദേഹവുമായി ധർണയിരുന്നു.
ഖത്തറിൽ ഹാർഡ്വെയർ എൻജിനീയറായ സായ് സുമന്ത് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ വീട്ടുമുറ്റത്ത് വെച്ച് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഒടുവിൽ യുവതിയുടെ സംസ്കാരം ഗ്രാമത്തിൽ നടത്താൻ സുമന്തിന്റെ വീട്ടുകാർ സമ്മതിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് അറുതിയായത്.
തുടർന്ന് ഗ്രാമത്തിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തി. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെയുള്ള ഫണ്ട് വിവാദം വ്യാജമാണെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജനയായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ഫണ്ട് വിതരണവും കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷ് കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലായിരുന്നു ഇവർ.
എന്നാൽ പുറത്തുനിന്ന് കൊടി വാങ്ങിയ വകയിൽ മാത്രം 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് കാണിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. ഇതിന് പിന്നാലെ അടിയന്തര കോർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
National
ലക്നോ: കുടുംബവഴക്കിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാജഹാൻപൂരിലെ മഹോളിയ വീരൻ ഗ്രാമത്തിലുണ്ടായ സംഭവത്തിൽ ലക്ഷ്മി (60) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് ഹർപാൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഹർപാൽ കൈവശമുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ലക്ഷ്മിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെ ഹർപാൽ ഇതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
Kerala
കണ്ണൂർ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിനു സമീപം നടന്ന സംഭവത്തിൽ കണ്ണൂർ ആയിക്കര സ്വദേശി അഭിഷേകാണ് പിടിയിലായത്.
അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കൾ നേരത്തെ തന്നെ ഈ വീട്ടിൽ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.
പുലർച്ചെ വീട്ടിൽ നിന്നും വലിയ തോതിൽ തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീട്ടിനുള്ളിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചിരുന്നു.
പണം നൽകിയില്ലെങ്കിൽ വീടിന് തീവയ്ക്കുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയിരുന്നതായി ഇയാളുടെ പിതാവ് രാജേഷ് പറഞ്ഞു. അഭിഷേകിനെതിരെ പോലീസ് കേസെടുത്തു.
National
മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.
കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ചെന്നൈ: വിവാഹിതയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ടിവികെ നേതാവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കരൂർ കുളിത്തലൈയിൽ നടന്ന സംഭവത്തിൽ തമിഴക വെട്രി കഴകം യൂണിയൻ സെക്രട്ടറി രമേശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിന് മുന്നിൽ സ്ഥിരമായി എത്തുന്ന രമേശ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വീട്ടിലേക്ക് പിന്തുടരുകയും ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ കഴിഞ്ഞ രണ്ട് മാസമായി യുവതി ഭർത്താവിനൊപ്പമാണ് ജോലിക്ക് വന്നിരുന്നത്.
കഴിഞ്ഞ ദിവസം ഭർത്താവിന് വരാൻ കഴിയാതിരുന്നപ്പോൾ രമേശ് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഇയാളെ ആക്രമിക്കുകയായിരുന്നു.
പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി.
Kerala
തിരുവനന്തപുരം: റാഗിംഗിന്റെ പേരിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഇതിനെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്ലസ് ടു വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പരിക്കേറ്റ കുട്ടിയുടെ രക്ഷിതാക്കളുടെ പക്കൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നഗരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
National
ന്യൂഡൽഹി: വ്യാജ ആധാറും പാൻ കാർഡും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരിൽ കോടിക്കണക്കിന് രൂപ വായ്പയെടുക്കുന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹാലി സ്വദേശിയായ അജയ് കുമാർ (24) ആണ് പിടിയിലായത്. തട്ടിപ്പ് നടത്തിയശേഷം ഡൽഹിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാൾ അമ്പതോളം പേരെ വഞ്ചിച്ച് ഏകദേശം 1.6 കോടി രൂപയുടെ ലോൺ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25ന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എടുക്കാത്ത വായ്പയുടെ ഇഎംഐ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളുകൾ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.
തുടർന്ന് സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 4.5 ലക്ഷം രൂപയുടെ ലോൺ എടുത്തതായി ഇയാൾ അറിഞ്ഞത്. പരാതിക്കാരൻ അറിയാതെ അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം ക്രമക്കേട് നടത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ലോൺ തുക പഞ്ചാബിലെ മൊഹാലി സ്വദേശിയായ അജയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഈ തുക ഇയാൾ പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഡൽഹി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തൂത്തുക്കുടി: കുടുംബത്തെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളുടെ കൂടെപ്പോയതിൽ മനംനൊന്ത് മക്കളെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപം സാവേരിയർപുരത്ത് നടന്ന സംഭവത്തിൽ മേരി മൈക്കിൾ (40), മക്കളായ മേരി നിരോഷ (14), മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്.
മേരി മൈക്കിളിന്റെ ഭാര്യ അടുത്തിടെ മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതിനുശേഷമുണ്ടായ കടുത്ത മാനസിക വിഷമമാണ് ഈ ദാരുണമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്.
വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടിവെച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇതേ വയർ ഉപയോഗിച്ച് തന്നെ മൈക്കളും ജീവനൊടുക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും വീട് തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. 1056, 0471-2552056)
Kerala
പാലക്കാട്: ചിറ്റൂരിൽ പതിനാലുവയസുകാരനായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
ആലപ്പുഴ: ജി.സുധാകരൻ എംഎൽഎയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഏരിയാ സെക്രട്ടറി സി. ഷാംജിയെ ഒന്നാം പ്രതിയാക്കിയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന മറ്റ് 49 പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ മണ്ണ് കടത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കമാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്കും പോലീസ് കേസിലേക്കും വഴിമാറിയത്.
സ്കൂൾ കെട്ടിടം പൊളിച്ചശേഷം അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാനാണ് ജി.സുധാകരൻ സ്ഥലത്തെത്തിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പമെത്തിയ സുധാകരനെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ മുൻ പ്രസിഡന്റും സിപിഎം അംഗങ്ങളും ചേർന്ന് തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
എച്ച്.സലാമിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും സ്കൂൾ പിടിഎ പ്രസിഡന്റുമായ പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവരും ഈ സമയം സ്കൂളിലുണ്ടായിരുന്നു. മണ്ണ് കടത്തൽ ആരോപണത്തെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
National
ഭിലായ്: നഴ്സിംഗ് വിദ്യാർഥിനി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ ഭിലായിൽ നടന്ന സംഭവത്തിൽ ബെമേതാര ജില്ലയിലെ കുംഹി സ്വദേശിനിയായ ഖുഷി സാഹു (19) ആണ് കൊല്ലപ്പെട്ടത്.
ഖുഷിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പുറത്തുപോയ സമയത്തായിരുന്നു സംഭവം. സുഹൃത്ത് തിരിച്ചെത്തിയപ്പോൾ ഖുഷി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഖുഷിയുടെ വയറ്റിലും കൈകളിലും പുറത്തുമായി പത്തിലധികം കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
National
ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡോറിൽ മാരക ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്വാരിയുടെ സഹോദരനായ നാനാ പട്വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രാജേന്ദ്ര നഗർ പോലീസ് നടത്തിയ പരിശോധനയിൽ 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ (ഗോലു ചന്ദേരി), റാണി ഭായി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ പ്രധാനി നാനാ പട്വാരിയാണെന്ന് ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് പറഞ്ഞു.
നാനാ പട്വാരിക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവൺമെന്റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്വാരി വ്യക്തമാക്കി.
Kerala
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തു. മണ്ണിടിച്ചിൽ പൂർണമായും മനുഷ്യനിർമിതമാണെന്നും മണ്ണ് നീക്കം ചെയ്യാൻ തയാറാകാത്തതാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അടിയന്തര നടപടി.
അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് പ്രത്യേക സംഘങ്ങളിലെ എഴുപതോളം രക്ഷാപ്രവർത്തകരാണ് നിലവിൽ ദുരന്തഭൂമിയിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. മണ്ണിനടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി അവരെ എത്രയും വേഗം ജീവനോടെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ ആറുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎൽപി സ്കൂളിലേക്ക് മാറ്റി. നിലവിൽ പ്രദേശവാസികൾ ക്യാമ്പിൽ തുടരുകയാണ്.
Kerala
നെടുമ്പാശേരി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിലവിലെ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസില് സിപിഎം പ്രവര്ത്തകൻ അറസ്റ്റിൽ.
നെടുമ്പാശേരി പോസ്റ്റ് ഓഫീസ് കവലയ്ക്കു സമീപം തെക്കേപ്പറമ്പില് വീട്ടില് തിലകന് (56) ആണ് പിടിയിലായത്. 12ന് രാത്രിയാണ് സംഭവം. 16-ാം വാര്ഡ് മെംബര് ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
വാര്ഡില് സിപിഎമ്മിനകത്തെ തര്ക്കങ്ങളാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥാനാര്ഥി നിര്ണയത്തിലും തര്ക്കങ്ങള് ഉണ്ടായിരുന്നു.
നിലവിലെ മെംബറായിരുന്ന ബിന്ദു സാബുവിന് ഇക്കുറി പാര്ട്ടി സീറ്റ് നല്കിയിരുന്നില്ല. ഈ വാര്ഡില് കോണ്ഗ്രസ് സ്ഥാനാര്ഥി ജയിക്കുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന്റെ തലേന്നാണ് ഗുണ്ട് കത്തിച്ച് എറിഞ്ഞത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.
National
നോയിഡ: ജെവാറിൽ നിർമാണത്തിലിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അലുമിനിയം കേബിളുകൾ മോഷ്ടിച്ച എൻജിനിയർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ.
സൈറ്റ് എഞ്ചിനിയർ അലിഗഡ് സ്വദേശി ശിവം ശർമ (22) ഡ്രൈവർ ഇർഷാദ് അഹമദ് (23), സഹായി മുഹമദ് സിറാജ് (21), സ്ക്രാപ്പ് ഡീലർ ഇസ്ഹാർ (26) എന്നിവരാണ് പിടിയിലായത്.
15 ലക്ഷം രൂപ വിലമതിക്കുന്ന കേബിളുകളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. അലുമിനിയം കേബിളുകൾ, വ്യാജ നമ്പർ പ്ലേറ്റ്, ഇവർ സഞ്ചരിച്ച കാർ എന്നിവ കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) സുധീർ കുമാർ പറഞ്ഞു.
വിമാനത്താവള പരിസരത്ത് നിന്നാണ് കേബിളുകൾ മോഷ്ടിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. സംഭവത്തിൽ മറ്റ് ആളുകൾക്കും പങ്കുണ്ടായേക്കാമെന്നാണ് സൂചന.
ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക്-1 പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 317(5), 318(4), 3(5) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രണ്ടോടെ രാഹുൽ ഈശ്വറിനെ ജയിൽ മാറ്റിയത്.
രാഹുലിന്റെ ആരോഗ്യം നിരീക്ഷിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജയിൽ വകുപ്പ് പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില് വാദിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി.
പരിഹാസം നിറഞ്ഞ കുറിപ്പ് ഫേസ്ബുക്കിലാണ് മന്ത്രി പങ്കുവച്ചത്. ഒരു 30 സെക്കന്റ്.. പ്ലീസ്....30 സെക്കന്റ് ആണ് ചോദിച്ചത്, പക്ഷെ.. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.
പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ ഒമ്പതോടെയാണ് സംഭവം.
കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു.
ഡിവൈഎസ്പി റ്റി.ആര്. രാജേഷ്, ഇന്സ്പെക്ടര് എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ്കുമാര്, ബിജീഷ് എന്നിവര് ഉള്പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kerala
തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങൾ പറഞ്ഞത്. ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല് മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
National
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല് കാര്ഡ് കേസില് രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല് മാങ്കൂട്ടത്തിന് നോട്ടീസ് നല്കി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല് കാര്ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മ്യൂസിയം പോലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല് വ്യാജ തിരിച്ചറിയല് കാര്ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് സൂചിപ്പിച്ചിരുന്നത്.
രാഹുലുമായി അടുത്ത ബന്ധമുള്ള ചില ആളുകളെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഫോണ് വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
കേസിലെ മൂന്നാം പ്രതിയുടെ ഫോണിലുള്ള ശബ്ദ സന്ദേശത്തില് രാഹുല് മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള പരാമര്ശം അടങ്ങിയത് വീണ്ടെടുത്തിരുന്നു. ഇക്കാര്യത്തില് വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് രാഹുല് മാങ്കൂട്ടത്തിലിനെ വിളിച്ചു വരുത്തുന്നത്.